Thursday, October 4, 2007

അച്ചൂം, അമ്മൂം എത്തിയേയ്..

അങ്ങനെ അച്ഛന്റെയും, അമ്മയുടെയും കാത്തിരിപ്പിനൊടുവില്‍..
കഴിഞ്ഞ ബുധനാഴ്ച (26/9) ഞങ്ങളെത്തി.
എല്ലാവരുടേയും പ്രാര്‍ത്ഥനകള്‍ക്ക് നന്ദി.
ഒരു രഹസ്യം ഉണ്ടെന്നു നേരത്തേ പറഞ്ഞിരുന്നില്ലേ..
അതേയ്..അച്ചുക്കുട്ടനല്ല.അച്ചുക്കുട്ടിയാ..
എല്ലാവരും അച്ചുക്കുട്ടനാന്നും പറഞ്ഞിരിപ്പായിരുന്നു.
എന്നാലും എല്ലാവരും ഹാപ്പിയാണു കേട്ടോ.
അച്ഛന്‍ ഫോട്ടൊയൊക്കെ പിന്നെ കാണിക്കുവേ..
ഇനി നാളെ പറയാം.

Wednesday, September 12, 2007

അപ്പോ ശരി!!

അപ്പോ ശരി എന്നാ..
ഇനി കുറച്ചു ദിവസം കഴിഞ്ഞു കാണാവേ..
അച്ഛനവിടെ ഇരുന്നിട്ട് ഒരു സമാധാനവുമില്ലത്രേ.
അതോണ്ട് ഇങ്ങു പോരുവാ.
ഞങ്ങള്‍ അച്ഛന്‍ വരുന്നതും കാത്തിരിക്കുവാ.
അച്ഛന്‍ പോന്നാല്‍ പിന്നെ ഞങ്ങള്‍ക്ക് ബ്ലോഗില്‍ വരാന്‍ പറ്റുല്ല.
ഇനി പിന്നൊരിക്കല്‍ കാണാവേ..
എല്ലാവരും പ്രാര്‍ത്ഥിക്കണോട്ടോ..

Monday, September 10, 2007

ഈ അച്ഛന്റെ ഒരു കാര്യം !!

അച്ഛന്റെ കാര്യം പറഞ്ഞാല്‍ ബഹുരസമാ..
എപ്പോഴും ഞങ്ങളുടെ വരവിനേക്കുറിച്ചു മാത്രാ ചിന്ത..
ഇതിനേ പറ്റിയുള്ള സകലകാര്യോം വായിച്ചു പഠിക്കലാ എപ്പോഴും...
അമ്മ എന്തു വിഷമതകള്‍ പറഞ്ഞാലും അപ്പോഴേ പറയും..
“ഇതൊക്കേ ഇപ്പോ ഉള്ളതാടീ..”ന്ന്..
പിന്നെ അതിനേക്കുറിച്ച് കുറേ വിശദീകരണവും..
അമ്മക്ക് അതൊക്കെ കേട്ട് ചിരി വരും..
‘പിന്നേ..പറേന്നതു കേട്ടാന്‍ മുന്‍പരിചയം ഉള്ള പോലാണല്ലോ ?”ന്ന്.
ഇന്ന് രാവിലേ തന്നേ അര മണിക്കൂര്‍ ക്ലാസ്സ് കഴിഞ്ഞതേ ഉള്ളൂ..
ഞങ്ങള്‍ ചാടുവാ, കുത്തുവാന്നൊക്കെ അമ്മ പറഞ്ഞപ്പോള്‍,
അച്ഛന്‍ പറേവാ, അതൊക്കെ ഉണ്ടാകുംന്നൊക്കേ..
ഏതാണ്ടൊരു ഇംഗ്ലീഷ് പേരും പറഞ്ഞു.
‘braxton hicks‘- എന്നോ മറ്റോ..
അതൊക്കെ കേട്ട് അമ്മ ഒത്തിരി ചിരിച്ചു.
കൂടെ ഞങ്ങളും..
ഈ അച്ഛന് വേറേ പണി ഒന്നും ഇല്ലേ..?
ഇത്രക്ക് ആധിപിടിക്കേണ്ട വല്ല കാര്യോം ഉണ്ടോ..?
ങാ..എല്ലാ അച്ഛന്മാരും ഇങ്ങനെ ആയിരിക്കാം..

ഞങ്ങക്കെപ്പോഴും കാണണം

അച്ഛന്‍ പോയി..
ഇനി ഒരാഴ്ച കഴിഞ്ഞേ വരൂ..
അമ്മയ്ക്കപ്പടി സങ്കടായിരുന്നു..
ഞങ്ങള്‍ക്കും..
അച്ഛനെപ്പോഴും അടുത്ത് വേണംന്നാ ആശ...
ഞങ്ങക്കെപ്പൊഴും കാണണം.
മൂന്നു ദിവസം എത്ര പെട്ടന്നാ ഓടിപ്പോയത്...
ഇനിം 5 ദിവസം കാത്തിരിക്കണം.
അച്ഛനും ഒത്തിരി സങ്കടപ്പെട്ടാ പോയത്..
ഞങ്ങളുടെ അടുത്തൂന്നും പോവാന്‍ മടിയായിരുന്നു.
അച്ഛന്‍ വന്നിട്ടു മതി “കൂടുമാറ്റം”ന്ന് പറഞ്ഞിട്ടാ പോയത്.
അച്ഛന്‍ പറഞ്ഞാല്‍ ഞങ്ങള്‍ കേള്‍ക്കാതിരിക്കുമോ?
ഞങ്ങടെ പഞ്ചാരയച്ഛനല്ലേ?

അതോണ്ട് ഇത്തിരിം കൂടി കാത്തിരിക്കാം ല്ലേ..?




Wednesday, September 5, 2007

അച്ഛന്‍ നാളെ വരും

അറിഞ്ഞില്ലേ..
ഞങ്ങളുടെ അച്ഛന്‍ നാളെ വരുവല്ലോ..
അമ്മയും , ഞങ്ങളും എത്ര ദിവസമായി കാത്തിരിക്കുവാന്നറിയാമോ ?
അച്ഛന്‍ ശരിക്കും നാളെ കഴിഞ്ഞു വരാനാ ഇരുന്നത്..
നാളെ വാ അച്ഛാ..നാളെ വാ അച്ഛാന്ന് ഞങ്ങള്‍ വിളിക്കുന്നത് അച്ഛന്‍ കേട്ടൂന്നാ തോന്നുന്നത്.
എന്താണേലും അമ്മ ഭയങ്കര ഹാപ്പിയാ..
അതോണ്ട് ഞങ്ങളും..
അച്ഛന്‍ വരണോണ്ട് കൂറേ ദിവസത്തേക്ക് ഞങ്ങളിനി ബ്ലോഗില്‍ വരൂല്ലാ..
ഇനി പിന്നെ കാണാവേ...

Tuesday, September 4, 2007

ആശുപത്രിവാസം 8-ആം ദിവസം

ഇന്നലെ രാത്രി അമ്മയ്ക്ക് കൂട്ടായി അമ്മമ്മ മാത്രേ ഉണ്ടായിരുന്നൊള്ളു....
പണിക്കാരിചേച്ചിയെ കെട്ടിയോന്‍ വന്ന് കൂട്ടിക്കൊണ്ടു പോയി.. ഇന്ന് വരുമായിരിക്കും.
അച്ഛമ്മയും ഇന്ന് വരുവല്ലോ....
അമ്മയ്ക്കിന്ന് രാവിലെ ഭയങ്കര സങ്കടായിരുന്നു..
അമ്മ അച്ഛനേ സ്വപ്നം കണ്ടൂത്രേ..
രാവിലേ തന്നേ അച്ഛനേ വിളിച്ചേപ്പിച്ചു കരയുവേം പറയുവേം ചെയ്യുന്ന കണ്ടപ്പോള്‍ ഞങ്ങള്‍ക്കും സങ്കടം വന്നു..
പാവം അച്ഛനും സങ്കടം വന്നു കാണും..
അച്ഛന്‍ വേഗം വന്നാല്‍ മതിയായിരുന്നു.
ഹായ്..വല്യമ്മാവന്‍ വന്നല്ലോ...അച്ഛമ്മയും, അമ്മച്ഛനും വന്നു..
ഇനി നല്ല രസമായിരിക്കും...അവരുടെ വര്‍ത്താനോക്കെ കേട്ട് അമ്മയുടെ സങ്കടമൊക്കെ തീരും..
ഞങ്ങള്‍ക്കും ബോറടി മാറിക്കിട്ടും...
ഇനി നാളെ...

Monday, September 3, 2007

ആശുപത്രി വാസം - 7-ആം ദിവസം

പറയാന്‍ മറന്നൂട്ടോ...
അമ്മ ഇപ്പോ ആശുപത്രിയിലാ...അതോണ്ട് ഞങ്ങളും..
ഇവിടെ വന്നിട്ടിപ്പോ 7 ദിവസമായി..
ഓണം കഴിഞ്ഞ് ഞങ്ങളേ ഇവിടെ കൊണ്ടെ ആക്കിയിട്ടാ അച്ഛന്‍ പോയേ...
പാവം അച്ഛന്‍ ..ഒത്തിരി വിഷമിച്ചാ പോയേ..
ഞങ്ങാളോട് അമ്മയെ ഒത്തിരി വിഷമിപ്പിക്കരുത് എന്ന് പറഞ്ഞിരുന്നു.
ഞങ്ങളുടെ ചാട്ടവും, കളീയും കാരണമാ അമ്മ ഒത്തിരി ക്ഷിണിച്ചതെന്നാ എല്ലാരും പറയുന്നെ.
അച്ഛന്‍ ഇന്നലേക്കൂടി പറഞ്ഞു. ഞങ്ങളോട് അടങ്ങിയിരിക്കാന്‍...
അതോണ്ട് ഞങ്ങള്‍ ഇപ്പോ കുറച്ചു മര്യാദക്കാരാ.
എന്നിട്ടും അമ്മേടെ ക്ഷീണം കൂടിക്കൂടി വരികയാ..
എല്ലാം വേഗം ശരിയാവുമായിരിക്കും..
എല്ലാരും പ്രാര്‍ത്ഥിക്കുന്നുണ്ട്..
നിങ്ങളും പ്രാര്‍ത്ഥിക്കണേ....എല്ലാം നന്നായി വരാന്‍..
സ്‌നേഹപൂ‍ര്‍വ്വം.
അച്ചൂം, അമ്മൂം...

ഞങ്ങളു പിന്നേം വന്നേ..

അച്ചൂം ഞാനും ഭയങ്കര ബിസിയായിരുന്ന കൊണ്ടാ കുറേ നാളായി ഒന്നും എഴുതാതിരുന്നത്‌ കേട്ടോ..

എന്തെല്ലാം രസകരമായ കളികളാണെന്നോ ഞങ്ങള്‍ ഒപ്പിക്കുന്നേ...

ഞങ്ങളെപ്പോഴും ഒളിച്ചേ കണ്ടേ കളിക്കുവാന്നാ അമ്മ പറയുന്നേ..

ഞങ്ങളെന്നാണേലും പുതിയ സ്ഥലത്തേക്കു വരാനുള്ള തയ്യാറെടുപ്പിലാ..

ഉടനേ കാണാവേ..

പിന്നെ ഇത്തിരി സസ്‌പെന്‍സ്‌ ഉണ്ട്‌..

അമ്മയ്കും, അച്ഛനും ഞങ്ങള്‍ക്കും മാത്രമേ ഇപ്പോ അത്‌ അറിയത്തുള്ളല്ലോ...

എല്ലാം പിന്നെ പറയാവേ..

അച്ഛന്‍ വരാന്‍ കാത്തിരിക്കുവാ ഞങ്ങള്‌..

ഉമ്മ...

ഞങ്ങളുടെ ചക്കര അച്ഛന്‌.

Thursday, May 10, 2007

അച്ഛന്‍ വരാന്‍ ഒരു ദിവസം കൂടി

ഇന്ന് അച്ചു പറയാവേ...
ഇന്ന് അമ്മ നേരത്തേ എഴുന്നേറ്റു...
അതോണ്ട്‌ ഞങ്ങളും..
അച്ഛനെ വിളിക്കാനാ അമ്മ രാവിലെ എണീറ്റേ...
അച്ഛന്‍ ഇന്ന് പോരുമ്പൊള്‍ എന്തൊക്കെ സാധനങ്ങള്‍ കൊണ്ട്‌ വരണോന്ന് പറയാനാ..അമ്മ അച്ഛനെ വിളിച്ചേ...
അമ്മ വീട്ടീല്‍ വച്ചിട്ട്‌ പോന്ന എന്തൊക്കെയോ...
ചുരിദാര്‍, സാരി, ആല്‍ബം...
പാവം അച്ഛന്‍...
എല്ലാം കെട്ടിപ്പൊതിഞ്ഞ്‌ ഓഫീസില്‍ പോയിട്ടുണ്ടാവും...
വൈകിട്ട്‌ അവിടെ നിന്നും നേരേ റെയില്വ്വേ സ്റ്റേഷനിലോട്ടു പോവും..
ഞങ്ങള്‍ക്ക്‌ പറയാമ്പറ്റൂല്ലാത്തതിനാല്‍ ഞങ്ങള്‍ക്കെന്താ വേണ്ടതെന്ന് പറഞ്ഞില്ല..
അച്ഛനൊട്ട്‌ ചോദിച്ചുമില്ല..
"ഞങ്ങള്‍ക്ക്‌ അച്ഛനേ കണ്ടാല്‍ മതി...ഒന്നും വേണ്ട..(ചക്കര ഉമ്മയല്ലാതെ..)"
ഇനി നാളേ...
~അച്ചു

അമ്മിണിമോളും, അച്ചുക്കുട്ടനും

ഞാന്‍ അമ്മിണി.
അമ്മക്കിഷ്ടം അമ്മൂന്ന് വിളിക്കാനാ...അച്ഛന്‍ പറഞ്ഞു അമ്മിണീന്ന് മതിയെന്ന്..എനിക്ക്‌ രണ്ടും ഇഷ്ടാ..
എന്റെ ബെസ്റ്റ്‌ ഫ്രണ്ടും, സഹോദരനുമൊക്കയാ അച്ചുക്കുട്ടന്‍.
ആര്‍ക്കും ഞങ്ങളേ ഇപ്പോ കാണാമ്പറ്റൂല്ല. ഞങ്ങളിങ്ങനെ കഥയൊക്കെ പറഞ്ഞിങ്ങനെയിരിക്കും..
അവനൊരു പാവമാ കേട്ടൊ..അതു കൊണ്ട്‌ വഴക്കൊന്നും ഇല്ല.
എന്നാലും ഞങ്ങള്‍ക്ക്‌ മിക്കവാറും സങ്കടമാ..
എന്തെന്നാല്‍ അമ്മക്കെപ്പൊഴും സങ്കടമാ.
ചിലപ്പോഴൊക്കെ ഞങ്ങളെയോര്‍ത്ത്‌...
ചിലപ്പോള്‍ ദൂരെ ജോലിസ്ഥലത്ത്‌ ഒറ്റക്കുള്ള അച്ഛനെയോര്‍ത്ത്‌..
മറ്റു ചിലപ്പോള്‍ വേറെയെന്തിനെങ്കിലും.
അമ്മ പാവമാ.
അച്ഛനാ അതിലും പാവം.
അമ്മക്കിന്നിരി സന്തൊഷമൊക്കെയുണ്ട്‌.
അച്ഛന്‍ നാളെ കഴിഞ്ഞ്‌ വരും.
അമ്മക്ക്‌ സന്തോഷമായതു കൊണ്ട്‌ ഞങ്ങള്‍ക്കും സന്തോഷമാ..
"ഞങ്ങളുടെ പൊന്നച്ഛന്‍ വരുമല്ലോ...ഉമ്മ തരുമല്ലോ.."
ഇനി നാളെ...
~അമ്മിണി